തിരുവനന്തപുരം: കേരള ആംഡ് വുമൺ പൊലിസ് ബറ്റാലിയനിലെ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11-ന് തിരുവനന്തപുരം മേനംകുളത്തുള്ള ബറ്റാലിയൻ ആസ്ഥാനത്ത് നടക്കും. സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിക്കും.
സ്വയംരക്ഷാ പരിശീലന കേന്ദ്രമായ ശക്തി ഹാൾ, സ്മാർട്ട് ക്ലാസ് റൂം, കൗൺസലിങ് സെന്ററായ അഭയ ക്ലിനിക്, ബർത്ത് ഡേ ട്രീ പദ്ധതി, മികച്ച സേവനം കാഴ്ചവയ്ക്കുന്ന സേനാംഗങ്ങളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുന്ന വീരാംഗന വാൾ, പുതിയ കെ.എ.ഡബ്ല്യു.പി. ബറ്റാലിയൻ വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും ബറ്റാലിയന്റെ പുതിയ ടി-ഷർട്ടിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.
യംഗ് ഇന്ത്യ സ്വയംരക്ഷാ പരിശീലകരെയും ഹാറ്റ്സിന്റെ കൗൺസലിങ് സംഘത്തെയും ചടങ്ങിൽ ആദരിക്കും. കൂടാതെ സ്വയംരക്ഷാ പരിശീലന പ്രദർശനവും ബർത്ത്ഡേ ട്രീ നട്ടുപിടിപ്പിക്കലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും ബറ്റാലിയൻ ഡിഐജിയുടെ അധിക ചുമതലയുമുള്ള ഡോ. ജെ. ഹിമേന്ദ്രനാഥ്, കേരള ആംഡ് പൊലീസ് ബറ്റാലിയൻ ആസ്ഥാന കമ്മാണ്ടന്റ് കെ.ഇ. ബൈജു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ചടങ്ങിന് വനിതാ ബറ്റാലിയൻ കമാൻഡന്റ് അഞ്ജലി ഭാവന സ്വാഗതം ആശംസിക്കും.